തളിക്കുളം സുനാമി ഉന്നതി
തളിക്കുളം: ഇടശേരി സുനാമി കോളനിയിൽ നിലനിൽക്കുന്ന രൂക്ഷമായ ശോചനീയാവസ്ഥയും താമസക്കാരുടെ ദുരിതങ്ങളും നേരിട്ടുകണ്ട് വിലയിരുത്തുന്നതിനായി ഗീതാ ഗോപി എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതലസംഘം സന്ദർശനം നടത്തി.
കളക്ടർ ശിഖ സുരേന്ദ്രൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എൻ. നൗഷാദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ചാവക്കാട് തഹസിൽദാർ, വിവിധ വകുപ്പുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് എംഎൽഎയോടൊപ്പം സുനാമി കോളനി സന്ദർശിച്ചത്.
കോളനിയിലെ നിവാസികൾ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ശുദ്ധജലക്ഷാമം, ഡ്രെയിനേജ് സംവിധാനങ്ങളുടെ പോരായ്മ, വീടുകളുടെ ജീർണാവസ്ഥ തുടങ്ങിയ നിരവധി വിഷയങ്ങൾ സംഘം നേരിട്ടുപരിശോധിച്ചു.
പ്രദേശവാസികളുടെ പരാതികളും നിർദേശങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കേട്ടറിഞ്ഞു.
വാടാനപ്പിള്ളിയിലെ കടൽക്ഷോഭ പ്രദേശങ്ങൾ
വാടാനപ്പിള്ളി: കടൽക്ഷോഭം മൂലം വീടും ഭൂമിയും കൃഷിയും നശിച്ചവരെ നേരിട്ടുകണ്ട് വിവരങ്ങൾ ആരാഞ്ഞ് കളക്ടർ. അടിയന്തരമായി കടൽഭിത്തി കെട്ടുകയും പൊളിഞ്ഞുപോയ റോഡ് നിർമിച്ച് ഗതാഗതസംവിധാനം പുനസ്ഥാപി ക്കണമെന്നും ബീച്ചിലെത്തിയ കളക്ടറോട് നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ അവധിയായതിനാൽ നിരവധി കുട്ടികളും കളക്ടറെ കാണാനും സങ്കടം ബോധിപ്പിക്കാനും എത്തിയിരുന്നു. സ്കൂളിലേക്ക് പോകാനുള്ള ഏക ആശ്രയമായ റോഡുകൂടി കടലെടുത്തതോടെ സ്കൂൾ വണ്ടിയോ ഓട്ടോറിക്ഷയോ വരാതെ സ്കൂൾ കുട്ടികൾ ഇരട്ട ദുരിതത്തിലാണ്.
വാട്ടർ അഥോറിട്ടിയുടെ പൈപ്പിലൂടെ വെള്ളം വരാത്ത കാരണം കുടിവെള്ളവും ലഭിക്കുന്നില്ല. വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് മുൻ ജില്ലാ കളക്ടർ ഉത്തരവിട്ടതനുസരിച്ച് ആഴ്ചയിൽ അഞ്ചുദിവസം വെള്ളം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് കൊടുത്തിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്.
ഏങ്ങണ്ടിയൂരിനും തളിക്കുളത്തിനും ഇടയിൽ കിടക്കുന്ന വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 1, 17, 18 വാർഡുകളാണ് തീരംതൊട്ടുകിടക്കുന്നത്. ടെട്രാപോഡ് കടൽഭിത്തി കെട്ടി തീരവും തീരദേശവാസികളേയും സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ. സുധീഷ്, വൈസ് പ്രസിഡന്റ്് ഹേമലത പ്രതാപൻ, വാർഡ് ബ്ലോക്ക് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചില ഗിരി, വൈസ് പ്രസിഡന്റ് സി.എം. നൗഷാദ്, ചാവക്കാട് തഹസിൽദാർ, ഇറിഗേഷൻ, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.